Sunday, November 22, 2009

നീലിമയില്‍ അലിഞ്ഞത്

('നീലനിറം ഒരുന്മാദം ,
ആകാശമതിന്‍ നൃത്തവും നഗ്നതയും' - ഖലീല്‍ ജിബ്രാന്‍ )


ആത്മാവുകള്‍ക്കും
പ്രണയത്തിനും
ഒരേ നിറമാണ് .
ആത്മഹത്യയില്‍
മുറിക്കപ്പെടാറുള്ള
ഞരമ്പുകളുടെ നീലനിറം.

ഏകമായ ആത്മാവുകള്‍
പ്രണയത്തിന്റെ ശരീരങ്ങളില്‍
സല്ലപിക്കാനെത്തുമ്പോള്‍
ആകാശത്തിനും കടലിനും
ഒരേ നിരമാവാറുണ്ട്.

ഭോഗത്തിന് ശേഷം
ഇണയെ കൊല്ലാറുള്ള
എട്ടുകാലിയുടെ മനസിനും
നീലനിരമായിരിക്കുമോ ?..

നിലാവിന്റെ കാന്‍വാസില്‍
കൂട്ടുകാരന്‍ ഇന്നലെത്തീര്ത്ത
സര്‍റിയലിസ്റ്റിക് ചിത്രത്തില്‍
മഴയിലേക്കിറങ്ങി നടന്നവനും
നീലനിരമായിരുന്നു.

പിറന്നാള്‍ സമ്മാനമായി
കൂട്ടുകാരി തന്നത്
നീലനിറമുള്ള ഒരു
ഘടികാരമായിരുന്നു.

ഇപ്പോള്‍ നീലനിരമെന്നത്
മരണത്തിനു തൊട്ടു മുന്പുള്ള
നിമിഷങ്ങളുടെതാകുന്നു
മൂന്ന് ...
രണ്ട്...
ഒന്ന്...


(യുവധാര മാസിക)

No comments:

Post a Comment